മുഹമ്മ: ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യം. വയോജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി, കെട്ടിട സൗകര്യമില്ലെന്ന കാരണത്താലാണ് നടപ്പാക്കാൻ കഴിയാത്തത്. കിടത്തി ചികിത്സ തുടങ്ങാൻ 2023-2024 വർഷത്തിൽ മുഹമ്മ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് പദ്ധതി തയാറാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് വിഹിതമായി 50 ലക്ഷവും പഞ്ചായത്ത് വിഹിതമായി അഞ്ചു ലക്ഷവും അടങ്ങുന്ന പദ്ധതിയാണ് അംഗീകരിച്ചത്.
പഞ്ചായത്ത് വിഹിതമായ അഞ്ചു ലക്ഷം ഉപയോഗിച്ച് കെട്ടിടനിർമാണം ആരംഭിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് വിഹിതം കിട്ടാതെ വന്നതിനെതുടർന്ന് നിർമാണ ജോലികൾ നിലച്ചു. ജില്ലാ പഞ്ചായത്ത് വിഹിതം കിട്ടുമെന്ന ഉറപ്പിലാണ് 40 ശതമാനത്തിലേറെ ജോലികൾ പൂർത്തിയാക്കിയത്. വയോജനങ്ങൾക്ക് പുറമെ മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കെട്ടിടം നിർമിക്കുന്നുവെന്ന വാദം ഉന്നയിച്ചാണ് ജില്ലാ പഞ്ചായത്ത് പണം നിഷേധിച്ചത്.
ജില്ലാ പഞ്ചായത്ത് വിഹിതം കിട്ടാതെ വന്നത് കെട്ടിടനിർമാണം മുടങ്ങാൻ കാരണമായി. തുടർന്ന് പഞ്ചായത്തും മറ്റ് ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തിന്റെ വിഹിതം ലഭിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും ചുവപ്പ് നാടയുടെ കുരുക്കഴിഞ്ഞില്ല. മുഹമ്മയ്ക്ക് പുറമേ ഇതര പഞ്ചായത്തുകളിലേയും ജനങ്ങൾ ആശ്രയിക്കുന്ന ആതുരാലയമാണ് മുഹമ്മ ആശുപത്രി.